International
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുക്രെയ്ൻ ആണ് പ്രമേയം കൊണ്ടുവന്നത്.
193 അംഗങ്ങളുള്ള പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നു. 107 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ റഷ്യ ഉൾപ്പെടെ 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎഇ തുടങ്ങി 51 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രെയ്നിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് പ്രമേയം മുന്നോട്ടുവെച്ചത്. റഷ്യൻ സേന യുക്രെയ്നിൽ നിന്ന് പൂർണമായും ഉപാധികളില്ലാതെയും പിന്മാറണം. പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നിന് തിരികെ നൽകണം. യുദ്ധത്തടവുകാരെയും നാടുകടത്തപ്പെട്ട കുട്ടികളെയും ഉടൻ കൈമാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രമേയം.
എന്നാൽ ഈ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും മറിച്ച് സമാധാനത്തിന്റെ പക്ഷത്താണെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.തോക്കിൻമുനയിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് ഇന്ത്യ ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയെങ്കിലും, റഷ്യയുമായുള്ള തന്ത്രപരമായ ബന്ധവും സ്വതന്ത്ര വിദേശനയവും കണക്കിലെടുത്താണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
International
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ. മേഖലയിൽ അമേരിക്ക സൈനിക ശേഷി വർധിപ്പിക്കുന്നത് തങ്ങളെ ആക്രമിക്കാനാണ്.
ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും സുരക്ഷ കൗൺസിൽ ഇടപെടണമെന്നും ഇറാൻ പറയുന്നു. അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും ഇതിനായി 10 ദിവസത്തെ സമയം നൽകുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
യൂറേനിയം സമ്പുഷ്ടീകരണം പൂർണമായി നിർത്തണം. ബാലിസ്റ്റിക് മിസൈൽ പദ്ധതി ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക രൂപവത്കരിച്ച ഗാസ സമാധാന ബോർഡിൽ അംഗമാകാൻ വിസമ്മതിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ; മറുപടിയായി ഫ്രാൻസിലെ വീഞ്ഞ് ഉത്പന്നങ്ങൾക്ക് 200 ശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.
ഗാസയ്ക്കു പുറത്തുള്ള വിഷയങ്ങളും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്ന സമാധാന ബോർഡ് ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന തിരിച്ചറിവിലാണ് മക്രോൺ ക്ഷണം നിരസിച്ചതെന്നു പറയുന്നു. ബോർഡിൽ അംഗമാകാൻ 60 രാജ്യത്തലവന്മാർക്ക് ട്രംപ് ക്ഷണക്കത്ത് അയച്ചതായിട്ടാണു റിപ്പോർട്ട്. ബോർഡിൽ സ്ഥിരാംഗത്വം ലഭിക്കാൻ 100 കോടി ഡോളർ ഫീസും നല്കണമത്രേ!
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായിട്ടാണ് ബോർഡ് രൂപവത്കരിക്കുന്നത്. ഏതാനും ദിവസം മുന്പ് ബോർഡിലെ കുറച്ച് അംഗങ്ങളെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ട്രംപാണ് ചെയർമാൻ. ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മരുമകൻ ജാരദ് കുഷ്നർ, മറ്റ് അമേരിക്കൻ ഉദ്യോഗസ്ഥർ, ശതകോടീശ്വരന്മാർ തുടങ്ങിയ അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്.
ബോർഡിൽ അംഗമാകാൻ ക്ഷണക്കത്ത് ലഭിച്ചതിൽ ഇന്ത്യ, റഷ്യ, ബലാറൂസ്, പാക്കിസ്ഥാൻ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു.
ഗാസയ്ക്കു പുറമേ മറ്റ് ആഗോള വിഷയങ്ങളും ബോർഡ് മുഖാന്തിരം കൈകാര്യം ചെയ്യാൻ ട്രംപ് ഉദ്ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയ്ക്കു പകരമുള്ള ഒരു സംവിധാനമായി ഇതു മാറാം. ഇതിനു പുറമേ 100 കോടി ഡോളർ ഫീസും വലിയ ബാധ്യതയാകുമെന്ന തിരിച്ചറിവിലാണ് മക്രോൺ ബോർഡ് അംഗത്വം നിരസിച്ചതെന്നു ഫ്രഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് എന്ന നിലയിൽ അടുത്ത വർഷം കാലാവധി തീരുന്ന മക്രോണിനെ ആർക്കും വേണ്ടെന്നായിരുന്നു വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. ഫ്രാൻസിലെ വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 200 ശതമാനം നികുതി ഞാൻ ചുമത്തും. അപ്പോൾ മാക്രോൺ ബോർഡിൽ ചേർന്നോളുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
STHREEDHANAM
ദിനംതോറും സ്ത്രീകള്ക്ക് നേരെയുള്ള അതിക്രമങ്ങള് പെരുകുകയാണ്. ഉറ്റവരാലും ഉടയവരാലും അക്രമികളാലും ആക്രമിക്കപ്പെടുന്നവരായി ഇന്ന സ്ത്രീകള് മാറി. നിത്യേന നാം കേള്ക്കുന്ന വാര്ത്തകളെല്ലാം ഈ വാദത്തെ സാധൂകരിക്കുന്നതാണ്.
എന്നാല് ഇപ്പോഴിതാ ലോകത്ത് ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ബന്ധുക്കളാല് കൊല്ലപ്പെടുന്നെന്ന് റിപ്പോ മായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരിക്കുകയാണ്. യുഎന് വുമണ്, യുഎന് ഓഫീസ് ഓഫ് ഡ്രഗ് ആന്റ് ക്രൈം എന്നിവ സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
2024 -ല് മാത്രം 50,000 സ്ത്രീകള് ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നും അതില് തന്നെയും വീട്ടുകാരുടെയും പങ്കാളികളുടെയും അതിക്രമങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഇത്തരം കൊലപാതകങ്ങളില് 60 ശതമാനവും സ്വന്തം കുടുംബാംഗങ്ങളോ പങ്കാളികളോ ആണ് കുറ്റവാളികള്.
ഓരോ ദിവസവും ശരാശരി 137 സ്ത്രീകള് സ്വന്തം കുടുംബാംഗങ്ങളാല് കൊല്ലപ്പെടുന്നുണ്ടെന്നാണ് യുഎന് പുറത്തുവിട്ട റിപ്പോര്ട്ട് പറയുന്നത്. നിലവിലത്തെ പങ്കാളികളോ മുന് പങ്കാളികളോ ആണ് ആ കൊലപാതകങ്ങള്ക്ക് ഉത്തരവാദികളെന്നും ജീവിത സാഹചര്യവും സ്വാര്ഥ ചിന്താഗതിയും സൈബര് സ്റ്റോക്കിംഗ് പോലെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങള് കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും റിപ്പോര്ട്ട് പറയുന്നു.
ഇത്തരം കൊലകള് കൂടുതലായി നടക്കുന്നത് ആഫ്രിക്കയിലാണ്. ഒരു ലക്ഷം സ്ത്രീകളില് മൂന്നുപേര് എന്ന നിരക്കിലാണ് ആഫ്രിക്കയില് സ്ത്രീകള് കൊല്ലപ്പെടുന്നത്.
അതിക്രമങ്ങള് തടയാന് യുഎന് മുന്നോട്ടുവയ്ക്കുന്ന നിര്ദേശങ്ങള്
* അതിക്രമങ്ങള് തടയുന്നതിനായി അടിയന്തരവും ഏകോപിതവുമായ നടപടികൾ വേണം.
* നിയമ പരിരക്ഷ ശക്തമാക്കുക.
* ലൈംഗിക അതിക്രമ കേസുകള് കൈകാര്യം ചെയ്യാന് പ്രത്യേകം പരിശീലനം ലഭിച്ച ജുഡീഷ്യല് സംവിധാനം കൊണ്ടുവരിക.
* സാഹചര്യങ്ങള് മുന്കൂട്ടി മനസിലാക്കാനും ഇടപെടാനും സാധിക്കുന്ന ഏജന്സികളെ ഏകോപിപ്പിക്കുക.
* അതിക്രമങ്ങളെ അതിജീവിച്ചവര്ക്ക് സേവനങ്ങള് ഉറപ്പാക്കുക.
* ബോധവല്ക്കരണ കാമ്പയിനുകള് നടത്തുക.
International
റിയോ ഡി ജനീറോ: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം. ഉച്ചകോടി പവലിയന് സമീപമാണ് തീപിടിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഷോര്ട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്നത്.
അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. പരിക്കുകകളൊന്നുമില്ലാതെ ആളുകൾ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
International
കയ്റോ: അൽ-ഫാഷിർ നഗരം വിമത സായുധ സംഘമായ ആർഎസ്എഫ് പിടിച്ചെടുത്തതോടെ യുഎൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം ചേരാൻ തീരുമാനു. നവംബർ 14 വ്യാഴാഴ്ച അടിയന്തര യോഗം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി.
അൽ-ഫാഷിർ നഗരത്തിൽ മാത്രം നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഡാർഫറിലെ സുഡാൻ സൈന്യത്തിന്റെ അവസാനത്തെ താവളമായിരുന്നു അൽ-ഫാഷിർ നഗരത്തിലേത്. റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് സൈനിക കേന്ദ്രം പിടിച്ചെടുത്തത് രണ്ടര വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിലെ നിർണായക സംഭവമായി മാറി.
ബ്രിട്ടൻ, അയർലൻഡ്, ജർമ്മനി, നെതർലാൻഡ്സ്, നോർവേ എന്നീ രാജ്യങ്ങൾ ചേർന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ 50ലധികം രാജ്യങ്ങളാണ് പിന്തുണച്ചത്. സാധാരണക്കാരുൾപ്പെടെ ഒട്ടേറെ പേർ രാജ്യത്ത് കൊല്ലപ്പെട്ടിരിക്കാമെന്നും യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിൽ ഓഫീസ് അറിയിച്ചു.